കൊച്ചി: ഓഹരി നിക്ഷേപം ഇനി മൊബൈല്‍ ആപ് വഴി പഠിക്കാനാവും. കൊച്ചി ആസ്ഥാനമായുളള ഹെഡ്ജ് ഇക്വിറ്റീസാണ് ഈ ആപിന് പിന്നില്‍. ടോറോ ഇ ഓര്‍സോ എന്ന പേരിലുള്ള ബോര്‍ഡ് ഗെയിമാണ് ആദ്യം കമ്പനി പുറത്തിറക്കിയത്. ഇപ്പോള്‍ അതിന്റെ മൊബൈല്‍ ആപും അവതരിപ്പിച്ചുകഴിഞ്ഞു. ആപ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാനും കഴിയും.
ടോറോ ഇ ഓര്‍സോ ഓഹരിവിപണിയിലെ താരങ്ങളുടെ പേരിലാണ് ആപ്.ടോറോ ഇ ഓര്‍സോ എന്നത് ഇറ്റാലിയന്‍ ഭാഷയില്‍ കാളയും കരടിയും എന്നാണര്‍ത്ഥം.ഗെയിം ഡെവലപ്മെന്റ് മേഖലയില്‍ ഇതിനകം ഏറെ ശ്രദ്ധ നേടിയിട്ടുള്ള കൊച്ചി ആസ്ഥാനമായ സി ഷാര്‍ക്ക് ആണ് ഹെഡ്ജ് സ്‌കൂള്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക്സിനു വേണ്ടി ഈ ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. ബോര്‍ഡ് ഗെയിമായി ഇറങ്ങിയപ്പോള്‍ പുതുതലമുറയില്‍ നിന്നു ലഭിച്ച ആവേശകരമായ പ്രതികരണമാണ് ഇപ്പോള്‍ ഈ ആപ് വേര്‍ഷന്‍ ഇറക്കാന്‍ പ്രേരണയായത്.
ഓഹരി വിപണിയിലെ ഇടപാടുകള്‍ വെറും സാധ്യതകളുടെ മാത്രം കളിയല്ലെന്നും മറിച്ച് അന്തര്‍ദേശീയവും ദേശീയവുമായ നിരവധി ഘടകങ്ങള്‍ അതിനെ സ്വാധീനിക്കുന്നുണ്ടെന്നും ലളിതമായി കളിച്ചു മനസിലാക്കാന്‍ ഈ ഗെയിമിലൂടെ സാധിക്കും.ഒരാള്‍ക്ക് മാത്രമായി കളിക്കാന്‍ പരുവത്തില്‍ തയാറാക്കിയ ഈ ആന്‍ഡ്രോയിഡ് ഗെയിമില്‍ ബിഗിനര്‍, അമെച്വര്‍, പ്രഫഷണല്‍ എന്നിങ്ങനെ മൂന്ന് തലങ്ങളാണുള്ളത്.
ബിഗിനര്‍ ലെവലില്‍ 10 റൗണ്ടും അമെച്വര്‍, പ്രഫഷണല്‍ ലെവലുകളില്‍ യഥാക്രമം 20ഉം 40ഉം റൗണ്ടുമാണുള്ളത്. തുടക്കത്തില്‍ കളിക്കാര്‍ക്ക് സാങ്കല്‍പ്പികമായി 5000 രൂപ നിക്ഷേപത്തിനായി ലഭിക്കും. ഈ തുക അവര്‍ക്ക് ഓയില്‍ ആന്‍ഡ് ഗ്യാസ്, ടെലികോം, ഓട്ടോമൊബീല്‍, ഐടി, റിയാല്‍റ്റി, ഫാര്‍മ, പവര്‍, ബാങ്കിങ്, മെറ്റല്‍, എഫ്.എം.സി.ജി എന്നീ പത്ത് മേഖലകളിലേതിലെങ്കിലും നിക്ഷേപം നടത്താന്‍ ഉപയോഗിക്കാം. ഈ മേഖലകളുടെ പേരുകള്‍ ഒരു കറങ്ങുന്ന ചക്രത്തില്‍ അടയാളപ്പെടുത്തിയിട്ടുണ്ടാകും. ചക്രം ഓരോ തവണ കറക്കുമ്പോഴും ഏതെങ്കിലും മേഖലയെ ദോഷകരമായോ ഗുണകരമായോ ബാധിക്കുന്ന ചാന്‍സ് കാര്‍ഡുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും.ഓരോ ലെവലിനും ശേഷം ഒരു മാക്രോ കാര്‍ഡും തെളിയുന്നു. പത്ത് മേഖലയേയും മ്യൂച്ചല്‍ ഫണ്ടുകളെയും പൊതുവായി ബാധിക്കുന്ന വാര്‍ത്തകള്‍ മാക്രോ കാര്‍ഡ് പ്രഖ്യാപിക്കും.എല്ലാ റൗണ്ടുകളും പൂര്‍ത്തിയാകുമ്പോള്‍ കളിക്കാരനുണ്ടായിട്ടുള്ള നേട്ടങ്ങളും നഷ്ടങ്ങളും തമ്മിലുള്ള വ്യത്യാസം പ്രദര്‍ശിപ്പിച്ച് സ്‌കോര്‍ ബോര്‍ഡ് തെളിയും. കളിക്കാരന് സ്‌കോറിന്റെയും പോര്‍ട്ട്‌ഫോളിയോയുടെയും അടിസ്ഥാനത്തില്‍ തന്റെ തീരുമാനങ്ങള്‍ വിലയിരുത്താന്‍ ഗെയിം അവസരമൊരുക്കുന്നു.
(courtesy: malayalam good returns.in)
No comments:
Post a Comment