"BE FEARFUL WHEN OTHERS ARE GREEDY, BE GREEDY WHEN OTHERS ARE FEARFUL - WARREN BUFFETT "

Tuesday, 28 June 2016

ഓഹരി എപ്പോള്‍ വില്‍ക്കണം?


ഓഹരിയില്‍ നിന്ന് നേട്ടം കൊയ്യാന്‍ ദീര്‍ഘകാല നിക്ഷേപമാണ് നല്ലത്. ഇങ്ങനെ ഉപദേശിക്കുന്നവരാണ് ബഹുഭൂരിപക്ഷം വിദഗ്ധരും. ദീര്‍ഘകാലം എന്നു പറയുന്നത് പത്ത് വര്‍ഷമോ അതില്‍ കൂടുതലോ ഒക്കെ ആകാം. എന്തുകൊണ്ടാണ് ഇങ്ങനെയെന്ന് ചോദിച്ചാല്‍ കുറച്ച് രസകരമായ മറുപടിയുണ്ട്. ''ഓഹരി വാങ്ങുകയെന്നത് കഠിനമായ തീരുമാനമാണ്. അത് വില്‍ക്കുകയെന്നത് അതിനേക്കാള്‍ കഠിനമാണ്. അപ്പോള്‍ ആ തീരുമാനം പരമാവധി വൈകിപ്പിക്കുന്നതല്ലേ നല്ലത്.''
ഒരു കമ്പനിയില്‍ നിക്ഷേപം നടത്തുമ്പോള്‍ പലരും പണം മാത്രമല്ല നിക്ഷേപിക്കുന്നത്. വൈകാരികമായ ബന്ധം കൂടി അതിലുണ്ടാകും. ഈ സ്റ്റോക്ക് ഉയരുമ്പോള്‍ ഇനിയും നേട്ടം കിട്ടുമെന്ന പ്രതീക്ഷയില്‍ വില്‍ക്കാന്‍ മടിക്കും. പരിധിവിട്ട് വില താഴുമ്പോള്‍ നഷ്ടം സഹിക്കാന്‍ പറ്റാത്തതുകൊണ്ടും വില്‍ക്കില്ല. ഒന്നും ചെയ്യാതെ ഇത്തരത്തില്‍ ഇരിക്കുന്നതും നിക്ഷേപകന് നേട്ടമുണ്ടാക്കാറുണ്ട്.
പക്ഷേ ഓഹരി വില്‍ക്കുക എന്നത് നിക്ഷേപകനെ സംബന്ധിച്ചിടത്തോളം പരമപ്രധാനമായ കാര്യമാണ്. ശരിയായ സമയത്തുള്ള വില്‍പ്പന രണ്ട് തരത്തില്‍ നിക്ഷേപകന് അനുഗ്രഹമാകും. ഒന്ന് നിക്ഷേപത്തിന് ന്യായമായ നേട്ടം കിട്ടും. രണ്ടാമതായി ശരിയായ സമയത്തുള്ള വില്‍പ്പനയിലൂടെ വലിയ നഷ്ടം തന്നെ ഒഴിവാക്കാനും സാധിക്കും.
പലപ്പോഴും മനുഷ്യസഹജമായ അത്യാഗ്രഹം കൊണ്ടും ആശങ്ക കൊണ്ടുമാണ് ഓഹരി വില്‍പ്പനയെ സംബന്ധിച്ച് തെറ്റായ തീരുമാനങ്ങളെടുക്കുന്നതെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ''ശരിയായ സമയത്ത് ഓഹരി വില്‍ക്കുക എന്നത് കലയും ശാസ്ത്രവുമാണ്. ഒരു കമ്പനിയുടെ പ്രൈസ് ഏണിംഗ് റേഷ്യോ അതിന്റെ ഗ്രോത്ത് റേറ്റിനേക്കാള്‍ ഏറെ കൂടുതലാണെങ്കില്‍ പൊതുവേ ഓഹരി വില്‍ക്കുന്നതാണ് നല്ലത്,'' അക്യുമെന്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റ് ഇന്ത്യാ ലിമിറ്റഡ് സാരഥി അക്ഷയ് അഗര്‍വാള്‍ പറയുന്നു.
ഓഹരികള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ വാങ്ങി ഉയര്‍ന്ന വിലയില്‍ വില്‍ക്കുക എന്നതൊക്കെ തികച്ചും സാങ്കല്‍പ്പികമായ കാര്യമാണ്. നല്ല കമ്പനികളുടെ സ്റ്റോക്കുകള്‍ ന്യായമായ നിരക്കില്‍ വാങ്ങി കൂടിയ വില എത്തുമ്പോള്‍ വില്‍ക്കുക എന്നതാണ് നിക്ഷേപകര്‍ക്ക് സ്വീകരിക്കാവുന്ന തന്ത്രം. പക്ഷേ അന്തിമ തീരുമാനമെടുക്കും മുമ്പ് ചില കാര്യങ്ങളും സാഹചര്യങ്ങളും വിലയിരുത്തുന്നത് ഉചിതമാകും.
സാഹചര്യങ്ങള്‍ മോശമാകുമ്പോള്‍ വില്‍ക്കുക
ചില വിശകലനങ്ങള്‍ക്ക് ശേഷമാകും നിക്ഷേപകര്‍ ഓഹരി വാങ്ങുക. പക്ഷേ തെറ്റ് ആര്‍ക്കും പറ്റാം.
ഓഹരി വാങ്ങുകയെന്നാല്‍ ഒരു കമ്പനിയുടെ ബിസിനസില്‍ പങ്കാളിയാകുക എന്നതാണ്. കമ്പനിയുടെ സാരഥ്യത്തിലുള്ളവര്‍ കഴിവില്ലാത്തവരോ തെറ്റായ തീരുമാനങ്ങളെടുക്കുന്നവരോ ആണെങ്കില്‍ ആ ബിസിനസില്‍ നിന്ന് മാറുന്നതാണ് നല്ലത്.
മറ്റൊന്ന് നിക്ഷേപം നടത്തിയ കമ്പനിയുടെ ഉല്‍പ്പന്നത്തിനോ സേവനത്തിനോ മാറിയ സാഹചര്യത്തില്‍ സാധ്യതയില്ലെന്ന് കണ്ടാലും എത്രയും വേഗം അത്തരം കമ്പനികളുടെ സ്റ്റോക്കുകള്‍ വിറ്റുമാറണം.
എന്നാല്‍ ഏതാനും പാദങ്ങളിലായി മോശം റിസര്‍ട്ട് പുറത്തുവിടുകയും അതിന്റെ ഫലമായി ഓഹരി വിലയിടിഞ്ഞാലും ഭാവിയില്‍ സാധ്യത നിലനിര്‍ത്തുന്ന കമ്പനികളുടെ ഓഹരികള്‍ വില്‍ക്കരുതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
എന്നാല്‍ ഇത്തരം ഒരു തീരുമാനമെടുക്കുമ്പോഴും ഓരോ നിക്ഷേപകനും റിസ്‌കെടുക്കാനുള്ള ശേഷി സ്വയം വിലയിരുത്തണം. ഓഹരി വാങ്ങുമ്പോള്‍ തന്നെ അതില്‍ നിന്നുണ്ടാക്കാവുന്ന നേട്ടത്തെ കുറിച്ചും താങ്ങാവുന്ന നഷ്ടത്തെ കുറിച്ചും കൃത്യമായ ധാരണ നിക്ഷേപകര്‍ മനസില്‍ കുറിക്കുന്നത് ഉചിതമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പെട്ടെന്ന് വില കുതിച്ചുകയറുമ്പോള്‍ വില്‍ക്കാം: ഓഹരി നിക്ഷേപകര്‍ എപ്പോഴും വിനയാന്വിതരാകണം. താന്‍ വാങ്ങിയ ഓഹരി വില കുതിച്ചുകയറുമ്പോള്‍ സ്വന്തം കണക്കുകൂട്ടല്‍ അങ്ങേയറ്റം കൃത്യമാണെന്നും വിപണി വിദഗ്ധനുമാണെന്നുമൊക്കെ സ്വയം ധരിക്കാന്‍ പാടില്ല. ചില ചീപ് സ്റ്റോക്കുകള്‍ ബിസിനസിന്റെ അടിസ്ഥാന കരുത്തിന്റെ പിന്‍ബലത്തില്‍ അല്ലാതെ തന്നെ കുതിച്ചുയരാറുണ്ട്. ഊഹക്കച്ചവടമോ മറ്റോ ആകാം കാരണം. ഇതു മനസിലാക്കി അത്തരം സാഹചര്യങ്ങളില്‍ നേട്ടമെടുത്ത് ബുദ്ധിപൂര്‍വ്വം പിന്മാറുകയാണ് നല്ലത്.
പോര്‍ട്ട്‌ഫോളിയോ പുനഃസന്തുലനം വേണ്ടിവരുമ്പോള്‍
ഓഹരി വിപണി വിദഗ്ധര്‍ പൊതുവേ നിക്ഷേപകരോട് വര്‍ഷത്തില്‍ ഒരിക്കലെങ്കിലും സ്വന്തം പോര്‍ട്ട്‌ഫോളിയോ പുനരവലോകനം ചെയ്യണമെന്ന് ആവശ്യപ്പെടാറുണ്ട്. പോര്‍ട്ട്‌ഫോളിയോയില്‍ ഓഹരികളുടെ ശരിയായ മിക്‌സ് ഉറപ്പാക്കാന്‍ വേണ്ടിയാണിത്. ഇത്തരം അവലോകനം നടക്കുമ്പോള്‍ മികച്ച നേട്ടം നല്‍കിയവയെ വിറ്റ് കുറഞ്ഞ വിലയില്‍ ഭാവിയില്‍ സാധ്യതയുള്ളവ വാങ്ങാം.
സാമ്പത്തിക ലക്ഷ്യം നിറവേറ്റാന്‍ വേണ്ടി വില്‍ക്കാം
ഏതൊരു നിക്ഷേപവും വ്യക്തമായ ലക്ഷ്യത്തോടെ നടത്തണമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. എന്തിനുവേണ്ടിയാണോ ഓഹരി നിക്ഷേപം നടത്തിയത് ആ ലക്ഷ്യം നേടാന്‍ വേണ്ടി വില്‍ക്കാം. കുട്ടിയുടെ ഉന്നത വിദ്യാഭ്യാസത്തിനുള്ള തുക കണ്ടെത്താനോ ജോലിയില്‍ നിന്ന് വിരമിക്കുമ്പോള്‍ വിശ്രമ ജീവിതം സുഖമായി നയിക്കാനോ ഒക്കെയാണ് ഓഹരി നിക്ഷേപം നടത്തിയതെങ്കില്‍ ആ സാഹചര്യം വരുമ്പോള്‍ ഓഹരി വിറ്റ് പണം നേടുക തന്നെ ചെയ്യാമെന്ന് വിദഗ്ധര്‍ പറയുന്നു.
ഓഹരി വാങ്ങി ഒരു കമ്പനിയുടെ ബിസിനസില്‍ പങ്കാളികളായാല്‍ ആ കമ്പനിയെ സംബന്ധിച്ച സുപ്രധാന വിവരങ്ങള്‍ ശ്രദ്ധിക്കുക തന്നെ വേണം. വിദഗ്ധരായ വിപണി നിരീക്ഷകരും കമ്പനി പ്രതിനിധികളും തമ്മിലുള്ള കോണ്‍ഫറന്‍സ് കോളുകളൊക്കെ കേള്‍ക്കാനുള്ള അവസരമൊക്കെ ഇപ്പോഴുണ്ട്. ഇതിലൂടെ കമ്പനികളെ കുറിച്ചുള്ള ശരിയായ സൂചനകള്‍ ലഭിക്കുകയും വില്‍പ്പന സംബന്ധിച്ച തീരുമാനം തെറ്റാതെ എടുക്കാനും പറ്റും.
വില്‍ക്കാം ഈ സന്ദര്‍ഭങ്ങളില്‍

 ഓഹരി വാങ്ങിയപ്പോള്‍ നടത്തിയ വിശകലനത്തില്‍ തെറ്റുപറ്റിയെന്ന് തെളിയുമ്പോള്‍

 കമ്പനിയുടെ നേതൃത്വത്തിലുള്ളവര്‍ കഴിവും വൈദഗ്ധ്യവും ഇല്ലാത്തവരാണെന്ന് വെളിപ്പെടുമ്പോള്‍

 ഓഹരി വാങ്ങിയതിലൂടെ നിങ്ങള്‍ കൂടി പങ്കാളിയായ കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഭാവി സാധ്യതയില്ലെന്ന് വെളിപ്പെടുമ്പോള്‍
 സാമ്പത്തിക ലക്ഷ്യം നിറവേറ്റാന്‍ വേണ്ടിയും ഓഹരികള്‍ വില്‍ക്കാം

Friday, 24 June 2016

ഓഹരി നിക്ഷേപം പഠിക്കാന്‍ മൊബൈല്‍ ഗെയിം ആപ് ??


കൊച്ചി: ഓഹരി നിക്ഷേപം ഇനി മൊബൈല്‍ ആപ് വഴി പഠിക്കാനാവും. കൊച്ചി ആസ്ഥാനമായുളള ഹെഡ്ജ് ഇക്വിറ്റീസാണ് ഈ ആപിന് പിന്നില്‍. ടോറോ ഇ ഓര്‍സോ എന്ന പേരിലുള്ള ബോര്‍ഡ് ഗെയിമാണ് ആദ്യം കമ്പനി പുറത്തിറക്കിയത്. ഇപ്പോള്‍ അതിന്റെ മൊബൈല്‍ ആപും അവതരിപ്പിച്ചുകഴിഞ്ഞു. ആപ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാനും കഴിയും.

ടോറോ ഇ ഓര്‍സോ ഓഹരിവിപണിയിലെ താരങ്ങളുടെ പേരിലാണ് ആപ്.ടോറോ ഇ ഓര്‍സോ എന്നത് ഇറ്റാലിയന്‍ ഭാഷയില്‍ കാളയും കരടിയും എന്നാണര്‍ത്ഥം.ഗെയിം ഡെവലപ്മെന്റ് മേഖലയില്‍ ഇതിനകം ഏറെ ശ്രദ്ധ നേടിയിട്ടുള്ള കൊച്ചി ആസ്ഥാനമായ സി ഷാര്‍ക്ക് ആണ് ഹെഡ്ജ് സ്‌കൂള്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക്സിനു വേണ്ടി ഈ ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. ബോര്‍ഡ് ഗെയിമായി ഇറങ്ങിയപ്പോള്‍ പുതുതലമുറയില്‍ നിന്നു ലഭിച്ച ആവേശകരമായ പ്രതികരണമാണ് ഇപ്പോള്‍ ഈ ആപ് വേര്‍ഷന്‍ ഇറക്കാന്‍ പ്രേരണയായത്.

ഓഹരി വിപണിയിലെ ഇടപാടുകള്‍ വെറും സാധ്യതകളുടെ മാത്രം കളിയല്ലെന്നും മറിച്ച് അന്തര്‍ദേശീയവും ദേശീയവുമായ നിരവധി ഘടകങ്ങള്‍ അതിനെ സ്വാധീനിക്കുന്നുണ്ടെന്നും ലളിതമായി കളിച്ചു മനസിലാക്കാന്‍ ഈ ഗെയിമിലൂടെ സാധിക്കും.ഒരാള്‍ക്ക് മാത്രമായി കളിക്കാന്‍ പരുവത്തില്‍ തയാറാക്കിയ ഈ ആന്‍ഡ്രോയിഡ് ഗെയിമില്‍ ബിഗിനര്‍, അമെച്വര്‍, പ്രഫഷണല്‍ എന്നിങ്ങനെ മൂന്ന് തലങ്ങളാണുള്ളത്.

ബിഗിനര്‍ ലെവലില്‍ 10 റൗണ്ടും അമെച്വര്‍, പ്രഫഷണല്‍ ലെവലുകളില്‍ യഥാക്രമം 20ഉം 40ഉം റൗണ്ടുമാണുള്ളത്. തുടക്കത്തില്‍ കളിക്കാര്‍ക്ക് സാങ്കല്‍പ്പികമായി 5000 രൂപ നിക്ഷേപത്തിനായി ലഭിക്കും. ഈ തുക അവര്‍ക്ക് ഓയില്‍ ആന്‍ഡ് ഗ്യാസ്, ടെലികോം, ഓട്ടോമൊബീല്‍, ഐടി, റിയാല്‍റ്റി, ഫാര്‍മ, പവര്‍, ബാങ്കിങ്, മെറ്റല്‍, എഫ്.എം.സി.ജി എന്നീ പത്ത് മേഖലകളിലേതിലെങ്കിലും നിക്ഷേപം നടത്താന്‍ ഉപയോഗിക്കാം. ഈ മേഖലകളുടെ പേരുകള്‍ ഒരു കറങ്ങുന്ന ചക്രത്തില്‍ അടയാളപ്പെടുത്തിയിട്ടുണ്ടാകും. ചക്രം ഓരോ തവണ കറക്കുമ്പോഴും ഏതെങ്കിലും മേഖലയെ ദോഷകരമായോ ഗുണകരമായോ ബാധിക്കുന്ന ചാന്‍സ് കാര്‍ഡുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും.ഓരോ ലെവലിനും ശേഷം ഒരു മാക്രോ കാര്‍ഡും തെളിയുന്നു. പത്ത് മേഖലയേയും മ്യൂച്ചല്‍ ഫണ്ടുകളെയും പൊതുവായി ബാധിക്കുന്ന വാര്‍ത്തകള്‍ മാക്രോ കാര്‍ഡ് പ്രഖ്യാപിക്കും.എല്ലാ റൗണ്ടുകളും പൂര്‍ത്തിയാകുമ്പോള്‍ കളിക്കാരനുണ്ടായിട്ടുള്ള നേട്ടങ്ങളും നഷ്ടങ്ങളും തമ്മിലുള്ള വ്യത്യാസം പ്രദര്‍ശിപ്പിച്ച് സ്‌കോര്‍ ബോര്‍ഡ് തെളിയും. കളിക്കാരന് സ്‌കോറിന്റെയും പോര്‍ട്ട്‌ഫോളിയോയുടെയും അടിസ്ഥാനത്തില്‍ തന്റെ തീരുമാനങ്ങള്‍ വിലയിരുത്താന്‍ ഗെയിം അവസരമൊരുക്കുന്നു.


(courtesy: malayalam good returns.in)

Popular Posts

Total Pageviews

Check Page Rank of your Web site pages instantly:

This page rank checking tool is powered by PRChecker.info service

Source: ExchangeRates.org.uk

നിങ്ങളുടെ ഇ - മെയില്‍ വിലാസം താഴെ എഴുതൂ :

നല്‍കുന്നത്- ഫീഡ് ബര്നെര്‍